അശോക് വില്ലയെന്ന മഹത്തായ ഫ്ലാറ്റ് സമുച്ചയത്തിന്റെ കാവല്‍ക്കാരായ രണ്ടു പട്ടിക്കുട്ടികള്‍. അവ കടിപിടി കൂടുകയാണ്. തങ്ങളില്‍ ആരുടെ തുടലാണ് ഏറ്റവും മികച്ചത് എന്നതായിരുന്നു വഴക്കിനാധാരമായ വിഷയം. തന്റെ കഴുത്തിലെ ലെതര്‍ ഫിനിഷ് ഉള്ള തുടല്‍ തൊട്ടു കാണിച്ചു കൊണ്ട് ഒന്നാം നമ്പര്‍ പട്ടിക്കുട്ടി പറഞ്ഞു: " നോക്കൂ, ഇത്രയും മുന്തിയ തുടല്‍ ഈ നാട്ടില്‍ വേറെ ആര്‍ക്കാണുള്ളത്?" മിനുസമുള്ള തന്റെ പ്ലാസ്റ്റിക് തുടല്‍ കുലുക്കി രണ്ടാം നമ്പര്‍ പട്ടിക്കുട്ടി പറഞ്ഞു: അരയന്നങ്ങളുടെ തൂവലിനെക്കാള്‍ മിനുസമുള്ള എന്റെ തുടല്‍ തന്നെയാണ് ഏറ്റവും മികച്ചത്. " പട്ടിക്കുട്ടികള്‍ കടിപിടി കൂടി കൊണ്ടേയിരുന്നു. അത് വഴി പോയ ഒരു ചാവാലി പട്ടി വഴക്കിനു മദ്ധ്യസ്ഥനായി വന്നു. അതവരോടു പറഞ്ഞു. " നിങ്ങള്‍ നിങ്ങളുടെ തുടലുകള്‍ എനിക്കഴിച്ചു തരൂ. ഒരു താരതമ്യ പഠനത്തിനു അതുപകരിക്കും." പട്ടിക്കുട്ടികള്‍ തുടലുകളഴിക്കാന്‍ ഒരുങ്ങി. പക്ഷെ അത്ഭുദമെന്നു പറയട്ടെ, അഴിക്കുന്തോറും ആ തുടലുകള്‍ കൂടുതല്‍ മുറുകിക്കൊണ്ടിരുന്നു. പട്ടിക്കുട്ടികള്‍ക്ക് ശ്വാസം മുട്ടി.
അടുത്ത പ്രഭാതത്തില്‍ അശോക് വില്ലയുടെ ഗേറ്റില്‍ രണ്ടു പുതിയ പട്ടിക്കുട്ടികള്‍ വന്നു. അവരുടെ കയ്യില്‍ ഒരു ഓഫര്‍ ലെറ്ററും മെഡിക്കല്‍ ഫിട്നെസ്സ് രേഖകളും പിന്നെ ഒരു കൂട്ടം സ്വപ്നങ്ങളും ഉണ്ടായിരുന്നു. പോക്കറ്റില്‍ നിന്നും മൊബൈല്‍ എടുത്തു കോളേജില്‍ ഉള്ള കൂട്ടുകാര്‍ക്കു അവര്‍ സന്ദേശങ്ങള്‍ അയച്ചു: " hey guys, we are placed in ashok villa. "
Subscribe to:
Post Comments (Atom)
No comments:
Post a Comment