നോട്ടുപുസ്തകത്തിലെ ഏടുകള്‍ കൊണ്ട് മുറ്റത്തെ വെള്ളത്തില്‍ തോണിയുണ്ടാക്കി കളിക്കുകയാണ് അമ്മിണിക്കുട്ടി. സാമൂഹ്യപാഠം പുസ്തകത്തിലെ അവള്‍ക്കു പഠിക്കാന്‍ ഇഷ്ടമില്ലാത്ത ഒട്ടുമുക്കാലും ഏടുകളും തോണികളായി മുററത്തിറങ്ങിക്കഴിഞ്ഞു. ഇന്നലെ രാത്രിയില്‍ തിമിര്‍ത്തു പെയ്ത മഴയില്‍ മുറ്റം മുഴുവന്‍ വെള്ളം നിറഞ്ഞിരിക്കുകയാണ്.
അമ്മ അടുക്കളയില്‍ ചോറും കറിയും ഉണ്ടാക്കുന്ന തിരക്കിലാണ്. ചേച്ചിയും അച്ഛനും സ്കൂളില്‍ പോയിരിക്കുന്നു. അമ്മിണിക്കുട്ടി പോയില്ല. ആഴ്ചയില്‍ ഒരു ദിവസം മടിയെന്ന രോഗം അവള്‍ക്കു പതിവുള്ളതാണ്.
കേരളത്തിലെ വിവിധതരം മണ്ണുകളെ കുറിച്ചുള്ള എട് കീറുകയാണ് അമ്മിണി. അലൂവിയല്‍ മണ്ണിനെക്കുറിച്ചുള്ള ഭാഗം നൂറുകഷണങ്ങളാക്കി കീറി അവള് ഊതിക്കളഞ്ഞു. കടലാസ് കഷണങ്ങള്‍ വെള്ളത്തില്‍ വീണു കുതിര്‍ന്നു. അവള് കൈകൊട്ടി ചിരിച്ചു. " അലുവിയല്‍ മണ്ണെ, നിനക്കങ്ങനെ തന്നെ വേണം. നീ കാരണമല്ലേ എനിക്കിന്നലെ അടി കിട്ടിയത്?" പെട്ടെന്നാണ് അമ്മിണിക്കുട്ടി അത് ശ്രദ്ധിച്ചത്. അച്ഛന്റെ എഴുത്ത് മേശപ്പുറത്തു നിന്നും കടലാസുകള്‍ അതാ വെള്ളത്തില്‍ വീണിരിക്കുന്നു. അവളെ നോക്കാന്‍ എല്പ്പിചിട്ടാണ് അച്ഛന് പോയത്. ഉടുപ്പ് കാല്‍മുട്ടിന് മുകളില്‍ പൊക്കിപ്പിടിച്ച് അവള് വെള്ളത്തിലേക്കിറങ്ങി. ചെടികള്‍ക്കിടയില്‍ തങ്ങി നിന്ന കടലാസ് കഷണങ്ങള്‍ ശ്രദ്ധയോടെ പെറുക്കിയെടുത്തു. ചെല്പാര്ക്കിന്റെ നീലമഷിയില്‍ എഴുതിയ അച്ഛന്റെ വടിവൊത്ത അക്ഷരങ്ങള്‍ വായിച്ചെടുക്കാന്‍ കഴിയാത്ത വിധം മാഞ്ഞു പോയിരിക്കുന്നു. ഇന്ന് വഴക്ക് കേള്‍ക്കുമെന്നുള്ളത് ഉറപ്പ്. അമ്മിണിക്കുട്ടിക്കു സങ്കടം വന്നു.
കാലില്‍ ആരോ തൊട്ടതു പോലെ അമ്മിണിക്കുട്ടിക്കു തോന്നി. അപ്പുറത്തെ പറമ്പില്‍ നിന്നും ഒഴുകി വന്ന ഒരു കുഞ്ഞു പൂവാണ്. അവളുടെ മുറ്റവും കഴിഞ്ഞു താഴത്തെ ചതുപ്പിലേക്കൊഴുകുന്ന ഒഴുക്കിന്റെ കൂടെ പോകാന്‍ വിസമ്മതിച്ചു കൊണ്ട് പൂവ് അമ്മിണിക്കുട്ടിയുടെ കാലില്‍ ഒട്ടി നിന്നു. ഈ നാട്ടിലെ എല്ലാ അഴുക്കുകളും ചെന്ന് ചേരുന്ന ആ ചതുപ്പിലേക്ക് എന്നെ പറഞ്ഞയക്കരുതെ എന്ന് ആ പൂവ് കേഴുന്നതായി അവള്‍ക്കു തോന്നി. ഉടുപ്പില്‍ നിന്നും പിടിവിട്ടു രണ്ടു കൈകള്‍ കൊണ്ടും അവള് ആ പൂവിനെ വാരിയെടുത്തു. അതിനൊരു ചെറിയ തണ്ടും രണ്ടു മൂന്നു ചെറിയ വേരുകളും ഉണ്ടായിരുന്നു. ഇതളുകള്‍ കൊഴിഞ്ഞു പോകാതെ അതിനെ അടക്കിപ്പിടിച്ചു അവള് ഉമ്മറത്തേക്ക് കയറി. മുറ്റത്തെ വെള്ളം തോര്‍ന്നു കഴിഞ്ഞാല്‍ ഇതിനെ കുഴിച്ചിടണം. സ്കൂളില്‍ പോകുന്നതിനു മുന്‍പ് എന്നും വെള്ളമൊഴിക്കണം. കേരളത്തിലെ വിവിധ തരം മണ്ണുകളോട് അമ്മിണിക്കുട്ടിക്കിപ്പോള്‍ കുറേശ്ശെ ഇഷ്ടം തോന്നിത്തുടങ്ങിയിരിക്കുന്നു.
നല്ല രസം ഉണ്ട് കേട്ടോ ഇത് വായിക്കാന്‍... ഒരു മഴ അറിയാതെ ഓര്‍ത്തുപോയി... പോരട്ടെ കിടിലം ഐറ്റംസ് ഇനിയും...
ReplyDelete