Wednesday, December 22, 2010

അപ്പുക്കുട്ടന്‍

ഉച്ചിയില്‍ വെയിലുടിക്കും വരെ മൂടിപ്പുതച്ചുരങ്ങുന്നതാണ് എന്നും അപ്പുക്കുട്ടന്റെ പതിവ്. ഒരു സുപ്രഭാതത്തില്‍ അബദ്ധ വശാല്‍ അവന്‍ അതിരാവിലെ എഴുന്നേറ്റു പോയി. നല്ല കൊതുക് കടി ഉണ്ടായിരുന്നു. വേനല്‍ക്കാലമായതിനാല്‍ നല്ല ചൂടും. അവന്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു. ഉറക്കം വരുന്നതേയില്ല. കിടപ്പുമുറിയില്‍ നിന്നും ഇടനാഴി കടന്നു അവന്‍ ലിവിംഗ് റൂമിലെത്തി. ടി വി സ്വിച്ച് ഓണ്‍ ചെയ്തു. ഛെ, കേബിള്‍ കട്ടായിരിക്കുന്നു. അമ്മ എണീറ്റ്‌ ചായ ഉണ്ടാക്കാന്‍ ഇനിയും രണ്ടു മൂന്നു മനിക്കുരെടുക്കും. വേറെ പ്രത്യേകിച്ചൊന്നും ചെയ്യനില്ലാത്തത് കൊണ്ട് അപ്പുക്കുട്ടന്‍ മേശപ്പുറത്തിരുന്ന തലേ ദിവസത്തെ പത്രം മറച്ചു നോക്കി. അവന്‍ പത്രം വായിച്ചിട്ട് ഒരുപാടു നാളായിരിക്കുന്നു. ഹോ, എന്തൊക്കെ കാര്യങ്ങലാണീ ലോകത്ത് നടക്കുന്നത്? വിമെന്‍സ് ബില്‍ പാസ്സാവാന്‍ പോകുന്നു. അപ്പുക്കുട്ടന് ദേഷ്യം വന്നു. ആകെയുള്ള പ്രതീക്ഷ അമ്മാവനെപ്പോലെ രാഷ്ട്രീയതിളിരങ്ങാം എന്നതായിരുന്നു. ഇതിപ്പോള്‍ അതും രക്ഷയില്ലാതായി. പക്ഷെ പത്രം മുഴുവന്‍ വായിച്ചു കഴിഞ്ഞപ്പോള്‍ അവനഭിമാനം തോന്നി. തന്റെ വിവരം ഒരുപാടു വര്‍ധിച്ചിരിക്കുന്നു. അന്ന് കാണുന്നവരോടെല്ലാം വിമെന്‍സ് ബില്ലിനെ പട്ടി സംസാരിക്കാന്‍ അവന്‍ തീരുമാനിച്ചു. ബില്ലിന്റെ വിഷടാംഷങ്ങലോന്നും അവനു മനസ്സിലായില്ല...അല്ലെങ്കിലും ഒരു കാര്യത്തെ പറ്റി സംസാരിക്കാന്‍ വലിയ വിവരം ഒന്നും ഇക്കാലത്ത് ആവശ്യം ഇല്ല. തന്നെക്കാളും വിവരം ഉള്ളവരെ ഒച്ച വെച്ച് പേടിപ്പിക്കാന്‍ ഉള്ള കഴിവ് മാത്രം മതി. അപ്പുക്കുട്ടന്‍ ഡയറി തുറന്നു ഇത്രയും കുറിച്ചിട്ടു. " വിഡ്ഢികളായ നാട്ടുകാരെ, നോക്ക്ഞാനിന്നെത്ര വിജ്ഞാനി ആണ്? ഒന്ന് മനസ്സ് വെച്ചാല്‍ ഇത് നിങ്ങള്‍ക്കും സാധിക്കവുന്നത്തെ ഉള്ളു.

Thursday, November 18, 2010

അമ്മയും മകനും

അമ്മയും അഞ്ചു വയസ്സായ മകനും തമ്മില്‍ രാമ രാവണ യുദ്ധം. മിക്കി മൌസിന്റെ ചിത്രങ്ങള്‍ മുന്‍വശത്തെ തേക്ക് മരത്തിലുണ്ടാക്കിയ വാതിലില്‍ ഒട്ടിക്കണമെന്നു മകന്‍... പറ്റില്ലെന്ന് അമ്മ.... മകന്‍ പാലും ബ്രെഡും കഴിക്കാതെ കിടന്നുറങ്ങി. അമ്മ കഞ്ഞിയും കുടിച്ചില്ല. കിടക്കാന്‍ നേരത്ത് കതകില്‍ പാതി ഒട്ടി നിന്ന മിക്കി മൗസ് സ്ടിക്കെര്‍ ഒന്ന് കൂടി നന്നായി അമര്‍ത്തി ഒട്ടിച്ചു കൊണ്ട് അമ്മ അച്ഛനോട് പറഞ്ഞു. ഇല്ല, പറ്റില്ല, ഇതൊട്ടിക്കാന്‍ ഞാന്‍ സമ്മതിക്കില്ല...

Tuesday, July 27, 2010

മഴ

ആരും കാണാതെ ഒളിച്ചിരിക്കാന്‍ ഒരു പേടകം വേണം. സൂര്യന്റെ പ്രകാശ രശ്മികള്‍ എന്നെ ഭയപ്പെടുത്തുന്നു. 3 x 10 ^8 m/s എന്ന വേഗത്തില്‍ സൂര്യനില്‍ നിന്നും എന്നില്‍ പതിക്കുന്ന ആ രശ്മികളുടെ തീക്ഷ്ണത താങ്ങാനുള്ള കരുത്തു ഇന്നെനിക്കില്ല. ഒരു നല്ല മഴ പെയ്തിരുന്നെങ്കില്‍ ..... മരങ്ങളെ പുളകം കൊള്ളിച്ച്, പരാജയപ്പെട്ടു മണ്ണില്‍ പറന്നു വീണ കരിയിലകളെ ഒരൂഞാലിലെന്നപോലെ ആകാശതിലെക്കുയര്തിക്കൊണ്ട് ഒരു പെരുമഴ പെയ്തിരുന്നെങ്കില്‍.... എന്റെ കണ്ണില്‍ നിന്നും കനിഞ്ഞിറങ്ങുന്ന ഉപ്പു നീര്‍ മണ്ണിലെ മണ്ണിരകളെ കഷ്ടപ്പെടുതുന്നു. ആ ഉപ്പിന്റെ സാന്ദ്രത കുറക്കാനെങ്കിലും ഇടിവെട്ടി ഒരു മഴ പെയ്തിരുന്നെങ്കില്‍.... തിമിര്‍ത്തു പെയ്യുന്ന ആ മഴയില്‍ കടലില്‍ നിന്നും കുതിച്ചുയരുന്ന തിരമാലകളിലേറി എനിക്ക് മുന്നേറണം. മഴവില്ലിന്റെ തുമ്പത്ത് പണ്ടാരോ കൊണ്ട് വെച്ച എന്റെ സ്വര്‍ണ ഖനി തേടി........

Wednesday, June 23, 2010

ജൂണ്‍ 27

അമ്മിണിക്കുട്ടിയുടെ ബുക്ക്‌ ഷെല്‍ഫിലെ ഇരുപത്തഞ്ചു പുസ്തകങ്ങള്‍ കാണാതായിരിക്കുന്നു. കുഞ്ഞുന്നാളിലെ ഏകാന്തതകളില്‍ അവള്‍ക്കു കൂട്ടായി വന്നിരുന്ന ബാംബിയും സിന്റെറല്ലയും മൌഗ്ലിയുമൊക്കെയാണ് അപ്രത്യ്ക്ഷംയിരിക്കുന്നത്. ഡി സി ബുക്സ് പുറത്തിറക്കിയ വാള്‍ട്ട് ഡിസ്നിയുടെ ആ ഇരുപത്തഞ്ചു പുസ്തകങ്ങള്‍ അമ്മിണിക്കുട്ടിയുടെ ജീവന് തുല്യമായിരുന്നു. കല്യാണ്‍ സില്‍ക്സിന്റെ ഇളം നീല നിറത്തിലുള്ള പ്ലാസ്റ്റിക്‌ കവറില്‍ ഇട്ട് പത്തു പതിനഞ്ചു വര്‍ഷമായി അവള്‍ കൊണ്ട് നടന്ന അവളുടെ മാത്രം പുസ്തകങ്ങള്‍. അപ്പുവിനോട് അവള്‍ ഏറ്റവും കൂടുതല്‍ വഴക്കിട്ടത് ആ പുസ്തകങ്ങളെ ചൊല്ലിയാണ്. പതിനൊന്നാം പിറന്നാളിന് വാന്‍്ഗോഖിന്റെയും ഗോയയുടെയും റെബ്രാന്തിന്റെയും ചിത്രങ്ങളുള്ള ഒരു വലിയ പുസ്തകം അച്ഛന്‍ സമ്മാനമായി തന്നിട്ടും അമ്മിണിക്കുട്ടിയുടെ പുസ്തകസേഖരത്തിലെ ഏറ്റവും പരമോന്നത സ്ഥാനം ഈ പുസ്തകങ്ങള്‍ക്ക് തന്നെ ആയിരുന്നു. കോളേജ് അഡ്മിഷന്‍ കിട്ടി ചെന്നൈയില്‍ വരുന്നതിനു തലേ ദിവസം തലേ ദിവസവും ഈ അമൂല്യ ശേഖരം എണ്ണി തിട്ടപ്പെടുത്തി തിരിച്ചു വെച്ചതാണ്. പക്ഷെ ഇപ്പോഴിതാ എല്ലാം കാണാതായിരിക്കുന്നു. കോണിപ്പടികളുടെ മുകളില്‍ നിന്നും തല ചെരിച്ച് താഴെ നോക്കി അവള്‍ വിളിച്ചു ചോദിച്ചു. " നോക്കൂ, എന്റെ സ്നോ വൈറ്റും പീറ്റര്‍ പാനും ബ്യുടി ആന്‍ഡ്‌ ദി ബീസ്ടും എവിടെ?" അടുക്കളയിലെ പണിത്തിരക്കിനിടയില്‍ പുറത്തേക്കു വിളിച്ച ദേഷ്യത്തില്‍ അമ്മ പറഞ്ഞു. " പൊടി പിടിച്ചു കിടന്നിരുന്ന നിന്റെ പുസ്തകങ്ങള്‍ എല്ലാം നല്ല വിലയ്ക്ക് ഞാന്‍ തൂക്കി വിറ്റിരിക്കുന്നു. ആ കാശിനു അച്ഛന്‍ ഒരു ടൈം പീസ്‌ വാങ്ങി വെച്ചിട്ടുണ്ട്. അപ്പു എറിഞ്ഞുടച്ച ടൈം പീസുകള്‍ക്ക് കണക്കില്ല. ഇത് അഞ്ചാമത്തേതാണ്.
പിന്നീടുള്ള പ്രഭാതങ്ങളില്‍ അപ്പുവിന്റെ ടൈം പീസ് അലാറം മുഴക്കുമ്പോള്‍ അമ്മിണിക്കുട്ടി ചെവി പൊതിക്കിടന്നു. കരഞ്ഞു കലങ്ങിയ അവളുടെ ഓര്‍മകളില്‍ ചിപും ടെയിലും ഓടിക്കളിച്ചു.... സിന്ററല്ല അവളെ നോക്കി പുഞ്ചിരിച്ചു...... സ്നോ വൈറ്റും ഏഴു കുള്ളന്മാരും അവളെ നോക്കി കണ്ണിറുക്കിക്കാട്ടി..... എട്ടു ദിക്കും പൊട്ടുമാറുള്ള അലാറത്തിന്റെ ശബ്ദം അവളുടെ പ്രിയപ്പെട്ട കളിക്കൂട്ടുകാരുടെ തേങ്ങലായി.....

Thursday, June 10, 2010

തുടല്‍

അശോക്‌ വില്ലയെന്ന മഹത്തായ ഫ്ലാറ്റ് സമുച്ചയത്തിന്റെ കാവല്‍ക്കാരായ രണ്ടു പട്ടിക്കുട്ടികള്‍. അവ കടിപിടി കൂടുകയാണ്. തങ്ങളില്‍ ആരുടെ തുടലാണ് ഏറ്റവും മികച്ചത് എന്നതായിരുന്നു വഴക്കിനാധാരമായ വിഷയം. തന്റെ കഴുത്തിലെ ലെതര്‍ ഫിനിഷ് ഉള്ള തുടല്‍ തൊട്ടു കാണിച്ചു കൊണ്ട് ഒന്നാം നമ്പര്‍ പട്ടിക്കുട്ടി പറഞ്ഞു: " നോക്കൂ, ഇത്രയും മുന്തിയ തുടല്‍ ഈ നാട്ടില്‍ വേറെ ആര്‍ക്കാണുള്ളത്?" മിനുസമുള്ള തന്റെ പ്ലാസ്റ്റിക്‌ തുടല്‍ കുലുക്കി രണ്ടാം നമ്പര്‍ പട്ടിക്കുട്ടി പറഞ്ഞു: അരയന്നങ്ങളുടെ തൂവലിനെക്കാള്‍ മിനുസമുള്ള എന്റെ തുടല്‍ തന്നെയാണ് ഏറ്റവും മികച്ചത്. " പട്ടിക്കുട്ടികള്‍ കടിപിടി കൂടി കൊണ്ടേയിരുന്നു. അത് വഴി പോയ ഒരു ചാവാലി പട്ടി വഴക്കിനു മദ്ധ്യസ്ഥനായി വന്നു. അതവരോടു പറഞ്ഞു. " നിങ്ങള്‍ നിങ്ങളുടെ തുടലുകള്‍ എനിക്കഴിച്ചു തരൂ. ഒരു താരതമ്യ പഠനത്തിനു അതുപകരിക്കും." പട്ടിക്കുട്ടികള്‍ തുടലുകളഴിക്കാന്‍ ഒരുങ്ങി. പക്ഷെ അത്ഭുദമെന്നു പറയട്ടെ, അഴിക്കുന്തോറും ആ തുടലുകള്‍ കൂടുതല്‍ മുറുകിക്കൊണ്ടിരുന്നു. പട്ടിക്കുട്ടികള്‍ക്ക് ശ്വാസം മുട്ടി.
അടുത്ത പ്രഭാതത്തില്‍ അശോക്‌ വില്ലയുടെ ഗേറ്റില്‍ രണ്ടു പുതിയ പട്ടിക്കുട്ടികള്‍ വന്നു. അവരുടെ കയ്യില്‍ ഒരു ഓഫര്‍ ലെറ്ററും മെഡിക്കല്‍ ഫിട്നെസ്സ് രേഖകളും പിന്നെ ഒരു കൂട്ടം സ്വപ്നങ്ങളും ഉണ്ടായിരുന്നു. പോക്കറ്റില്‍ നിന്നും മൊബൈല്‍ എടുത്തു കോളേജില്‍ ഉള്ള കൂട്ടുകാര്‍ക്കു അവര്‍ സന്ദേശങ്ങള്‍ അയച്ചു: " hey guys, we are placed in ashok villa. "

Monday, June 7, 2010

മൂടല്‍ മഞ്ഞ്

നാലും കൂടിയ വഴിയില്‍ അമ്മിണിക്കുട്ടി പകച്ചു നിന്നു. വീട്ടില്‍ നിന്നിറങ്ങി ഇതു വരെ ഏതെല്ലാം വഴിയിലുടെ എങ്ങനെയൊക്കെ പോകണമെന്ന് അവള്‍ക്കു നല്ല നിശ്ചയമുണ്ടായിരുന്നു. പക്ഷെ, ഇതിപ്പോള്‍ അനന്തമായി പോകുന്ന പല തരത്തിലുള്ള ഈ നാല് വഴികളില്‍ ഏതിലൂടെ പോകണമെന്ന് ഒരു പിടിയും കിട്ടുന്നില്ല. അമ്മിണിക്കുട്ടിക്കു ചേച്ചി പഠിപ്പിച്ചു തന്ന റോബര്‍ട്ട്‌ ഫ്രോസ്റ്റിന്റെ കവിത ഓര്‍മ വന്നു.

Two roads diverged in a yellow wood

sorry I could not travel both

I took the one less travelled by

And that has made all the difference

പക്ഷെ ഇവിടെ പ്രശ്നം കുറച്ചു കൂടി ഗുരുതരമാണ്. അമ്മിണിക്കുട്ടിക്കു വഴികളൊന്നും വ്യക്തമായി കാണുന്നില്ല. ആകെ ഒരു മൂടല്‍ മഞ്ഞ്. പാവാടയുടെ പോക്കറ്റില്‍ നിന്നും നാല് നിറങ്ങളിലുള്ള പോപ്പിന്‍സ്‌ മിഠായിയെടുത്തു അവള്‍ നിലത്തേക്കെറിഞ്ഞു. അതില്‍ പച്ച പോപ്പിന്‍സ്‌ എവിടെ വീഴുന്നുവോ ആ വഴിയിലൂടെ കണ്ണുമടച്ചു നടക്കാന്‍ അവള്‍ തീരുമാനിച്ചു. പച്ച പോപ്പിന്‍സ്‌ വീണ വഴിയിലൂടെ നടക്കുമ്പോള്‍ അമ്മിണിക്കുട്ടി ചിന്തിച്ചു. തനിക്കു മയോപ്പിയ ബാധിച്ചിരിക്കുന്നു. അമ്മയോട് പറഞ്ഞു നാളെ ഒരു കണ്ണ് ഡോക്ടറെ കാണണം.

Friday, May 28, 2010

മുറിവ്

ചോര വാര്‍ന്നൊലിക്കുന്ന കൈകളുമായി അവള്‍ അവന്റെ മുന്‍പില്‍ നിന്നു. "നോക്കൂ, എന്റെ കൈയാകെ കീറി മുറിഞ്ഞിരിക്കുന്നു. " ആശ്വസിപ്പിക്കാനായി അവന്‍ അവളുടെ മുറിവുകളില്‍ മുളകുപൊടിയും ഉപ്പും വിതറി. വേദന കൊണ്ടവള്‍ നീറി പുകഞ്ഞു. മുറിവ് സ്വയം കഴുകി വൃത്തിയാക്കി വെച്ച് കെട്ടിയതിനു ശേഷം അവള്‍ പറഞ്ഞു. "നന്ദി സുഹൃത്തേ, ഇനി ഒരിക്കലും എന്റെ മുറിവുകളുമായി ഞാന്‍ നിന്റെ അടുത്ത് വരില്ല്ല . ഉടലില്‍ നിന്നു തല തന്നെ വേര്‍പെട്ടാല്‍ പോലും!"

Friday, May 21, 2010

അമ്മ

"അമ്പിളി മാമനെ കാണണം", നട്ടുച്ചയ്ക്ക് അമ്മിണിക്കുട്ടി വാശി പിടിച്ചു. അമ്മ അവളെ ആശ്വസിപ്പിച്ചു. "അമ്പിളി മാമന്‍ അമ്മിണിക്കുട്ടിയെ കാണാന്‍ വന്നിരുന്നല്ലോ. മോള് നല്ല ഉറക്കത്തിലായിരുന്നു.
" ചാര്‍ളി ചാപ്ലിനെ കാണണം ". പാതിരാത്രി അമ്മിണിക്കുട്ടി വാശി പിടിച്ചു . അമ്മ പിന്നെയും ആശ്വസിപ്പിച്ചു. ചാര്‍ളി ചാപ്ലിന്‍ വന്നിരുന്നല്ലോ. അമ്മിണിക്കുട്ടി നല്ല ഉറക്കത്തിലായിരുന്നു. അതാ കാണാഞ്ഞത്. "
പിന്നൊരു ദിവസം അമ്മിണിക്കുട്ടി സ്കൂള്‍ വിട്ടു വന്നപ്പോള്‍ അമ്മ അയലത്തെ വീട്ടില്‍ പോയിരിക്കുകയാണ്. രാത്രി ഒമ്പത് മണിയായിട്ടും അമ്മ വന്നില്ല. " അമ്മയെ കാണണം." അമ്മിണിക്കുട്ടി വാശി പിടിച്ചു. മുറിയില്‍ നിറഞ്ഞു നിന്ന ചന്ദനത്തിരിയുടെ ഗന്ധവും ഒരു തിരിയിട്ടു കത്തിച്ച മുറി നാളികേരവും അവളോട്‌ പറഞ്ഞു. "അമ്മ വന്നിരുന്നല്ലോ. അമ്മിണിക്കുട്ടി നല്ല ഉറക്കത്തിലായിരുന്നു. അതാ കാണാഞ്ഞത്‌. "

Thursday, May 20, 2010

ഹോം വര്‍ക്ക്‌

രാധയുടെ സംഭാഷണത്തില്‍ ആജ്ഞാ ശക്തി കുറവാണെന്നാണ് അവളുടെ ബോസ്സിന്റെ കണ്ടു പിടിത്തം. സാമ്രാജ്യത്വ ശക്തികളെപ്പോലെ എവിടെയും നുഴഞ്ഞു കയറാനും ആളുകളെ വരുതിക്ക് നിര്‍ത്താനും വിജയം കൈവരിക്കുന്നതു വരെ കടിച്ചു തൂങ്ങാനും അവള്‍ക്കു കഴിയണമെന്ന് അദ്ദേഹം ഉപദേശിച്ചു.
അന്ന് ഓഫീസില്‍ നിന്നും തിരിച്ചു വന്ന ശേഷം കണ്ണാടിക്കു മുന്‍പില്‍ നിന്ന് രാധ പല്ലിറുമ്മുകയും ആജ്ഞാപിക്കുകയും ആക്രോശിക്കുകയും ചെയ്തു. അതുവഴി പോയ ഒരു പാവം കുറിഞ്ഞി പൂച്ചയെ അവള്‍ കണ്ണുരുട്ടി പേടിപ്പിച്ചു. എലിയെ പിടിക്കാതെ ഇനി ഒരു തുള്ളി പാല്‍ പോലും തന്റെ കയ്യില്‍ നിന്നും കിട്ടില്ലെന്ന് രാധ തീര്‍ത്തു പറഞ്ഞു. സംഗതി പന്തിയല്ലെന്ന് കണ്ട് കുറിഞ്ഞി പൂച്ച ഓടിപ്പോയി. ഹോം വര്‍ക്ക്‌ നന്നായി ചെയ്തു തീര്‍ത്ത ആശ്വാസത്തില്‍ രാധ സുഖമായി കിടന്നുറങ്ങി.

കുഞ്ഞു പൂവ്

നോട്ടുപുസ്തകത്തിലെ ഏടുകള്‍ കൊണ്ട് മുറ്റത്തെ വെള്ളത്തില്‍ തോണിയുണ്ടാക്കി കളിക്കുകയാണ് അമ്മിണിക്കുട്ടി. സാമൂഹ്യപാഠം പുസ്തകത്തിലെ അവള്‍ക്കു പഠിക്കാന്‍ ഇഷ്ടമില്ലാത്ത ഒട്ടുമുക്കാലും ഏടുകളും തോണികളായി മുററത്തിറങ്ങിക്കഴിഞ്ഞു. ഇന്നലെ രാത്രിയില്‍ തിമിര്‍ത്തു പെയ്ത മഴയില്‍ മുറ്റം മുഴുവന്‍ വെള്ളം നിറഞ്ഞിരിക്കുകയാണ്.


അമ്മ അടുക്കളയില്‍ ചോറും കറിയും ഉണ്ടാക്കുന്ന തിരക്കിലാണ്. ചേച്ചിയും അച്ഛനും സ്കൂളില്‍ പോയിരിക്കുന്നു. അമ്മിണിക്കുട്ടി പോയില്ല. ആഴ്ചയില്‍ ഒരു ദിവസം മടിയെന്ന രോഗം അവള്‍ക്കു പതിവുള്ളതാണ്.


കേരളത്തിലെ വിവിധതരം മണ്ണുകളെ കുറിച്ചുള്ള എട് കീറുകയാണ്‌ അമ്മിണി. അലൂവിയല്‍ മണ്ണിനെക്കുറിച്ചുള്ള ഭാഗം നൂറുകഷണങ്ങളാക്കി കീറി അവള്‍ ഊതിക്കളഞ്ഞു. കടലാസ് കഷണങ്ങള്‍ വെള്ളത്തില്‍ വീണു കുതിര്‍ന്നു. അവള്‍ കൈകൊട്ടി ചിരിച്ചു. " അലുവിയല്‍ മണ്ണെ, നിനക്കങ്ങനെ തന്നെ വേണം. നീ കാരണമല്ലേ എനിക്കിന്നലെ അടി കിട്ടിയത്?" പെട്ടെന്നാണ് അമ്മിണിക്കുട്ടി അത് ശ്രദ്ധിച്ചത്. അച്ഛന്റെ എഴുത്ത് മേശപ്പുറത്തു നിന്നും കടലാസുകള്‍ അതാ വെള്ളത്തില്‍ വീണിരിക്കുന്നു. അവളെ നോക്കാന്‍ എല്പ്പിചിട്ടാണ് അച്ഛന്‍ പോയത്. ഉടുപ്പ് കാല്‍മുട്ടിന് മുകളില്‍ പൊക്കിപ്പിടിച്ച് അവള്‍ വെള്ളത്തിലേക്കിറങ്ങി. ചെടികള്‍ക്കിടയില്‍ തങ്ങി നിന്ന കടലാസ് കഷണങ്ങള്‍ ശ്രദ്ധയോടെ പെറുക്കിയെടുത്തു. ചെല്പാര്‍ക്കിന്റെ നീലമഷിയില്‍ എഴുതിയ അച്ഛന്റെ വടിവൊത്ത അക്ഷരങ്ങള്‍ വായിച്ചെടുക്കാന്‍ കഴിയാത്ത വിധം മാഞ്ഞു പോയിരിക്കുന്നു. ഇന്ന് വഴക്ക് കേള്‍ക്കുമെന്നുള്ളത് ഉറപ്പ്. അമ്മിണിക്കുട്ടിക്കു സങ്കടം വന്നു.


കാലില്‍ ആരോ തൊട്ടതു പോലെ അമ്മിണിക്കുട്ടിക്കു തോന്നി. അപ്പുറത്തെ പറമ്പില്‍ നിന്നും ഒഴുകി വന്ന ഒരു കുഞ്ഞു പൂവാണ്. അവളുടെ മുറ്റവും കഴിഞ്ഞു താഴത്തെ ചതുപ്പിലേക്കൊഴുകുന്ന ഒഴുക്കിന്റെ കൂടെ പോകാന്‍ വിസമ്മതിച്ചു കൊണ്ട് പൂവ് അമ്മിണിക്കുട്ടിയുടെ കാലില്‍ ഒട്ടി നിന്നു. ഈ നാട്ടിലെ എല്ലാ അഴുക്കുകളും ചെന്ന് ചേരുന്ന ആ ചതുപ്പിലേക്ക് എന്നെ പറഞ്ഞയക്കരുതെ എന്ന് ആ പൂവ് കേഴുന്നതായി അവള്‍ക്കു തോന്നി. ഉടുപ്പില്‍ നിന്നും പിടിവിട്ടു രണ്ടു കൈകള്‍ കൊണ്ടും അവള്‍ ആ പൂവിനെ വാരിയെടുത്തു. അതിനൊരു ചെറിയ തണ്ടും രണ്ടു മൂന്നു ചെറിയ വേരുകളും ഉണ്ടായിരുന്നു. ഇതളുകള്‍ കൊഴിഞ്ഞു പോകാതെ അതിനെ അടക്കിപ്പിടിച്ചു അവള്‍ ഉമ്മറത്തേക്ക് കയറി. മുറ്റത്തെ വെള്ളം തോര്‍ന്നു കഴിഞ്ഞാല്‍ ഇതിനെ കുഴിച്ചിടണം. സ്കൂളില്‍ പോകുന്നതിനു മുന്‍പ് എന്നും വെള്ളമൊഴിക്കണം. കേരളത്തിലെ വിവിധ തരം മണ്ണുകളോട് അമ്മിണിക്കുട്ടിക്കിപ്പോള്‍ കുറേശ്ശെ ഇഷ്ടം തോന്നിത്തുടങ്ങിയിരിക്കുന്നു.

Wednesday, May 19, 2010

Chennai - 2009 - October

ഇതൊരല്‍പം സ്ത്രീപക്ഷ ചിന്തയാണ്. ഫെമിനിസത്തെ പല്ലും നഖവും ഉപയോഗിച്ച് ഇല്ലായ്മ ചെയ്യണം എന്നഭിപ്രയമുള്ള എന്റെ സുഹൃത്തുക്കള്‍ ഇതു വായിക്കണം എന്നില്ല. ചെന്നൈയില്‍ പിന്നെയും മഴ തുടരുകയാണ്. ആദ്യമായാണ് വെള്ളപ്പൊക്കം എന്നൊരവസ്ഥ അനുഭവിക്കാന്‍ അവസരം കിട്ടുന്നത്. അഭയാര്‍്ത്ഥി ക്യാമ്പില്‍ വിതരണം ചെയ്യപ്പെടുന്ന ഫുഡ്‌ പാക്കെറ്റുകള്‍ പോലെ സമയാ സമയത്ത് പാര്‍വതി അമ്മ വെച്ചുണ്ടാക്കിതരുന്ന ഭക്ഷണവും കഴിച്ചിരിക്കുകയാണ്‌ ഞങ്ങള്‍. വിനോദത്തിനായി ഇപ്പോള്‍ ആകെയുള്ളത് ചെന്നൈ ടൈംസിന്റെ ഒരു പേജ് മാത്രമാണ്. അത് വായിച്ചു കൊണ്ടിരിക്കുമ്പോഴാണ് വളരെ പ്രധാനപ്പെട്ട ഒരു കാര്യം എന്റെ മനസ്സില്‍ പതിയുന്നത്. വിനാശം വിതക്കുന്ന എല്ലാത്തിനും സ്ത്രീകളുടെ പേരിടാനുള്ള അതിബുദ്ധി ആരുടെതാണ്? ചെന്നൈയില്‍ വന്ന "ജിഷ" എന്നാ സൈക്ലോണ് കുഴപ്പങ്ങളൊന്നും ഉണ്ടാക്കാതെ പോയി. പക്ഷെ സമാധാനിക്കാറായില്ല, ഇനി "ഉഷ" വരുന്നുണ്ടെന്നു പത്രങ്ങള്‍. രാമായണത്തില്‍ സീതയും മഹാഭാരതത്തില്‍ പാഞ്ചാലിയും ട്രോയുടെ നാശത്തില്‍ ഹെലെനും കുഴപ്പക്കാരികള്‍. "കനകം മൂലം കാമിനി മൂലം കലഹം പലവിധമുലകില്‍ സുലഭം" എന്ന് കവി. രമണന്‍ ആത്മഹത്യ ചെയ്യുമ്പോള്‍ സ്ത്രീകള്‍ അടക്കമുള്ള വായനക്കാര്‍ ചന്ദ്രികയെ പഴിക്കുന്നു.

പ്രിയപ്പെട്ട പത്രാധിപര്‍ക്ക്,


നിങ്ങളെന്തു കൊണ്ട് സൈക്ലോണുകള്‍ക്ക് വിജയനെന്നും തങ്കപ്പനെന്നും പേരിടുന്നില്ല ? അതല്ല കുറച്ചു കൂടി സ്റൈറലന്‍ പേര് വേണമെങ്കില്‍ കത്രിനയെന്നല്ലാതെ ഷാരൂഖ്‌ ഖനെന്നോ ജോണ്‍ എബ്രഹാം എന്നോ വിളിക്കാം.
അറബിക്കടലിനു മുകളില്‍ ന്യൂന മര്‍ദ്ദം സൃഷ്ടിച്ചു വിനാശം വിതക്കാന്‍ വീശിയടിക്കുന്ന തങ്കപ്പന്‍ എന്ന സൈക്ലോണ്‍ ഒരിക്കലും അവസാനിക്കരുതെ എന്ന് പ്രാര്‍ത്ഥിച്ചിരിക്കുകയാണ് ഞാന്‍. എന്തെന്നാല്‍ ഓഫീസ് അനന്തകാലം അടച്ചിടാന്‍ ഇതല്ലാതെ മറ്റൊരു വഴിയും ഞാന്‍ നോക്കിയിട്ട് കാണുന്നില്ല.

Sunday, March 28, 2010

എന്തുകൊണ്ട് ഈ ബ്ലോഗ്‌?

'ദിവാസ്വപ്നം' എന്ന പേരിലുള്ള എന്റെ ഈ ഡയറി കുറിപ്പുകളുടെ തുടക്കം ചെന്നൈയില്‍ വെച്ചാണ്‌. രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് . അന്നെനിക്ക് 23 വയസ്സ് . ഈ 23വര്‍ഷങ്ങള്‍ക്കിടയില്‍ ഒരു തവണ പോലും ഞാന്‍ പേന എടുത്തു എന്റെ വിശേഷങ്ങള്‍ കുത്തി കുറിച്ചിട്ടില്ല . എന്റെ ഡയറി യില്‍ പല്ല് തേച്ചു , കുളിച്ചു എന്നതില്‍ കവിഞ്ഞു ഒരു വിശേഷവും ഉണ്ടായിരുന്നുമില്ല . പക്ഷെ ജീവിതത്തിലാദ്യമായി ഞാന്‍ ചെന്നൈയില്‍ വെച്ച് എഴുതിത്തുടങ്ങി . അതിനൊരു പ്രധാനപ്പെട്ട കാരണമുണ്ട്.

23 വയസ്സുവരെ , എന്റെ സ്കൂള്‍ - കോളേജ് വിശേഷങ്ങള്‍ പറയാനും അതിനൊരു ബൗദ്ധിക പരിവേഷം നല്‍കി ഊതിപെരുപ്പിക്കാനും എനിക്കെന്റെ ചേച്ചി അടുത്തുണ്ടായിരുന്നു . റഷ്യന്‍ കഥകളിലെ പുല്‍ച്ചാടിയില്‍ തുടങ്ങി ഇംഗ്ലീഷ് സാഹിത്യത്തിന്റെ അകവും പുറവും ഉള്‍പ്പെടെ എല്ലാം കാപ്സുള്‍ പരുവത്തില്‍ എനിക്ക് തന്നു കൊണ്ടിരുന്നത് ചേച്ചിയാണ് . പൂച്ചക്കുഞ്ഞുങ്ങളെ മനുഷ്യരായി സങ്കല്‍പ്പിച്ചും മനുഷ്യരെ പൂച്ചക്കുഞ്ഞുങ്ങളാക്കി മാറ്റിയും ഞങ്ങള്‍ തീര്‍ത്ത ആ മാന്ത്രിക ലോകത്ത് എന്നും സന്തോഷമുണ്ടായിരുന്നു .

പക്ഷെ ചെന്നൈയില്‍ ഒറ്റക്ക് ചെന്ന് പെട്ടപ്പോള്‍ എനിക്ക് നഷ്ടപ്പെട്ടത് ഇതെല്ലാമാണ് ... ജീവിതം ഇത്രയും അരസികമാവാം എന്ന് ഞാന്‍ തിരിച്ചറിയുന്നത്‌ , ജോലിക്കയററതിനു വേണ്ടി മാത്രം പണിയെടുക്കുന്ന കോര്‍പ്പറേറ്റ് വിദ്വാന്മാര്‍ക്കിടയിലിരുന്നു കൊണ്ടാണ് . അന്ന് അവിടെ വെച്ചെഴുതിയ 20 കുറിപ്പുകളാണ് “ ദിവാസ്വപ്നം "

ഇപ്പോഴിതെന്റെ മടക്കയാത്രയാണ്‌ ... മോക്ഷവും മുക്തിയും സമാധാനവും തേടിയുള്ള യാത്ര . പക്ഷെ രംഗം പാടെ മാറിയിരിക്കുന്നു . ചേച്ചിക്കിന്നൊരു കുഞ്ഞുവാവയുണ്ട് ...കാലിന്‍ മേല്‍ കാല് വെച്ച് നടത്തിയും കഥകള്‍ പറഞ്ഞു തന്നും എനിക്ക് കൂടെ കൊണ്ട് നടക്കാന്‍ ചേച്ചിയുടെ കുഞ്ഞോമന . പൂവിന്റെ നൈര്‍മല്യവും ഉണ്ണിക്കണ്ണനേക്കാള്‍ കുറുമ്പും ഉള്ളവള്‍ . ഇവള്‍ കാന്തി . ഞാനിതെഴുതുമ്പോള്‍ , നിലത്തു വിരിച്ച പായയില്‍ അവള്‍ വിരല്‍ കുടിച്ചു കിടപ്പുണ്ട് . അവളുടെ സ്വര്‍ണപ്പാദസരങ്ങള് ചിരിക്കുന്നു. കൂടെ അവളും ...